Monday, November 1, 2010

ORU PENKUTTIYUDE CHITHRAM

വാടകവീട്ടില്‍ പുതിയ താമസത്തിനെത്തിയ ചെറുപ്പക്കാരനെ അവള്‍ വെറുത്തു. "വല്യ ഗമയാ അയാള്‍ക്ക്" അവള്‍ പലരോടും പറഞ്ഞു.
               അയാളുടെ നീട്ടിയ മുടിയും കുറ്റിരോമംനിറഞ്ഞ താടിയും പെണ്‍കുട്ടിയെ ദേഷ്യം പിടിപ്പിച്ചു. അയാളുടെ പ്രകാശമേറിയ കണ്ണുകള്‍ അവളെ പേടിപ്പിച്ചു. അയാളുടെ വീതിയേറിയ നെറ്റി അവളിലെ വെറുപ്പിന് ആഴം കൂട്ടി.
                കാര്യസ്ഥന്‍ ശങ്കുപ്പിള്ള അച്ഛനോട് പറയുന്നത് അവള്‍ കേട്ടു. "ആ ചെറുപ്പക്കാരന്‍ എങ്ങനെയൊക്കെ ആണേലും വല്യ ചിത്രകാരനാന്നെ " ങേ ചിത്രകാരനോ " അവളുടെ  കണ്ണുകള്‍ തിളങ്ങി ,ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ.
                 ഓരോ കൂട്ടം സംസാരിക്കുന്നതിനിടയില്‍ അവള്‍ അയാളുടെ കാര്യം കാര്യസ്ഥനോട് എടുത്തിട്ടു. "ആ ചെറുപ്പക്കാരന്‍ ചിത്രകാരനാണോ? " "ആണോന്നോ? വല്യ ചിത്രകരനല്ലിയോ. എത്ര ചിത്രങ്ങലാനെന്നോ അയാളുടെ വീട്ടില്‍. എന്‍റെ ചിത്രവും വരചിട്ടുണ്ടേ. എന്താ അതിന്റെ ഭംഗി. അസ്സല്‍ ഞാന്‍. ഒരു സംശയോമില്ല. പിന്നെ കുട്ട്യേ , നമ്മുടെ രാമുവില്ലേ ആ പൊട്ടന്റെ പടവും വരച്ചിട്ടുണ്ട്. ഫോട്ടോ എടുക്കുന്ന പോലെയുണ്ട്. "
                  പെണ്‍കുട്ടിയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. തന്‍റെ ചിത്രവും ഒന്ന് വരയ്ക്കാന്‍ പറഞ്ഞാലോ? പെണ്‍കുട്ടിയ്ക്ക് അയാളോടുള്ള വെറുപ്പ്‌ മാറി. അയാളുടെ നീട്ടിയ മുടിയും കുറ്റിരോമം നിറഞ്ഞ താടിയും അവളെ സന്തോഷിപ്പിച്ചു. അയാളുടെ പ്രകാശമേറിയ കണ്ണുകള്‍ അവളെ പുളകം കൊള്ളിച്ചു. അയാളുടെ വീതിയേറിയ നെറ്റി അവളെ ആനന്ദവതിയാക്കി.
                  പെണ്‍കുട്ടി അവളറിയാതെ അയാളുടെ വീട്ടിലേയ്ക്ക് നടന്നു. അയാള്‍ ചിത്രം വരയ്ക്കുകയായിരുന്നു. "പിന്നെ എന്നെ ചിത്രങ്ങളൊക്കെ ഒന്ന് കാണിക്ക്യോ? ഇല്ലെങ്കില്‍ കഷ്ടമാണേ". അയാളുടെ നീരസം നിറഞ്ഞ കണ്ണുകള്‍ അവള്‍ കണ്ടില്ലെന്നുനടിച്ചു. ഗത്യന്തരമില്ലാതെ അയാള്‍ അവളെ ചിത്രങ്ങള്‍ കാണിച്ചു. ഓരോ ചിത്രവും കാണുമ്പോള്‍ അവള്‍ ഓരോന്ന് പറയും. അത് അയാള്‍ക്ക് അസഹ്യമായി. "മിണ്ടാതിരുന്നു കണ്ടിട്ട് പോ. അയാള്‍ പറഞ്ഞു. "അല്ലെങ്കിലും എന്തോക്കെയെങ്കിലും കുത്തി വരച്ചിട്ടു ആരേലും കാണാന്‍ വരുമ്പോള്‍ എല്ലാരുമിങ്ങനെ തന്നെയാ."അവള്‍ പറഞ്ഞു. :കടന്നു പോകുന്നുണ്ടോ?" അയാള്‍ . ഒരു കൂസലുമില്ലാതെ അവള്‍ ഇറങ്ങിപ്പോയി. അയാള്‍ ആശ്വാസം കൊണ്ട്.
                 സന്ധ്യ മയങ്ങിയ നേരം. അവള്‍ വീണ്ടും അയാളുടെ വീട്ടില്‍ ചെന്നു. അയാള്‍ നെറ്റി ചുളിച്ചു. "നെറ്റി ചുളുക്യേംഒന്നും  വേണ്ട.  ഞാനിപ്പോള്‍  തന്നെ പോയേക്കാം. പിന്നെ എന്‍റെ ഒരു ചിത്രം വരക്ക്യോ?"അയാള്‍ ഒന്നും മിണ്ടിയില്ല. അവള്‍ തിരിഞ്ഞു നടന്നു
                   പിറ്റേന്നും അവള്‍ വന്നു. അവളുടെ ചിത്രം വരയ്ക്കാന്‍ പറയാന്‍.  അന്നും മൌനം അയാള്‍ക്ക് കൂട്ടായി വന്നു.
                   പക്ഷെ പിറ്റേന്നും അവള്‍ വന്നു. ഏറെ ദിനങ്ങള്‍ കഴിഞ്ഞു. എന്നും പെണ്‍കുട്ടി മുടങ്ങാതെ വന്നു അവളുടെ ആവശ്യം ഉന്നയിക്കും. ചെറുപ്പക്കാരന്‍ വശം കെട്ടു. അന്നും അവള്‍ വന്നു. "എന്‍റെ ചിത്രം വരച്ചോ?" "വരച്ചു" എവിടെ?.അയാള്‍ കൊടുത്തു. അവള്‍ അലറി വിളിച്ചു. "ഇതാണോ തന്‍റെ ചിത്രം ?'"മുടിയെല്ലാം അഴിച്ചിട്ടു ബീബല്സമായ ഒരു രൂപം "ഇത് ഞാനല്ല. ഇത് ഞാനല്ല. "അവള്‍ ഉറക്കെ നിലവിളിച്ചു.
                   "ഇത് നീയാണ് ,ഇതാണ് നീ, ഇതാണ് സ്ത്രീ "അയാള്‍ പറഞ്ഞു.
                    ആ ചിത്രം പിച്ചി ചീന്തിയിട്ടു അവള്‍ തിരിഞ്ഞോടി . അയാളുടെ പൊട്ടിച്ചിരിയുടെ അലകള്‍ ഇന്നും അവിടെ നിറഞ്ഞു നില്‍ക്കുന്നു.